തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരായ സിഎംആര്‍എല്‍- എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി മാത്യു കുഴല്നാടന്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് കോടതിയില്‍ മാത്യു കുഴല്നാടന് നിലപാട് മാറ്റിയത്. തെളിവുകള്‍ കോടതിക്ക് നേരിട്ട് കൈമാറാമെന്നും മാത്യു കുഴല്നാടന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 12ന് ഉത്തരവ് പുറപ്പെടുവിക്കും.
മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നതായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. ഹര്‍ജിയില്‍ കോടതി വാദം കേട്ടപ്പോഴും ഇതേ നിലപാട് തന്നെയായിരുന്നു മാത്യു സ്വീകരിച്ചിരുന്നത്. ഇന്ന് വിധി പറയാനായി കോടതി ഹര്‍ജി പരിഗണിക്കവെയാണ് മാത്യുവിന്റെ അഭിഭാഷകന് വിജിലന്‍സ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതി എന്നുമുള്ള പുതിയ ആവശ്യം ഉന്നയിച്ചത്.
നിലപാട് മാറ്റിയ മാത്യു കുഴല്‍നാടനോട് ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്‍ക്കൂ എന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. നിലപാട് മാറ്റിയതിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദം സംബന്ധിച്ച കേസ് നേരത്തെ മറ്റൊരു ഏജന്‍സിയാണ് അന്വേഷിച്ചിരുന്നത്. കേസ് മറ്റൊരു ഏജന്‍സിയുടെ അന്വേഷണ പരിധിയിലായതിനാല്‍ വിജിലന്‍സിന് ഈ കേസ് അന്വേഷിക്കാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു അന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ എടുത്തത്.