മൂവാറ്റുപുഴ: വ്യാപാരികളില്‍ നിന്നുള്‍പ്പെടെ കോടികൾ തട്ടിയെടുത്ത് മുങ്ങിയ സെയില്‍സ് ടാക്സ് കണ്‍സല്‍ട്ടന്റിനെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ ടാക്സ് കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന തൃക്ക കണ്ണാടിപ്പാറ വീട്ടില്‍ ബിജു (43)നെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കാലിത്തീറ്റയുടെ ഹോള്‍സെയില്‍ ജേന്സി വാങ്ങി നല്കിതരാമെന്ന് പറഞ്ഞ് പലരില്‍ നിന്നും മൂന്ന് കോടിയോളം രൂപയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മൂവാറ്റുപുഴ കാവുംങ്കരയില്‍ ബിജു ആന്റ് കമ്പനിയെന്ന പേരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തി വരികയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം
ബിജുവിനേയും ഭാര്യയെയും രണ്ടു മക്കളെയും 2018 സെപ്റ്റംബറിലാണ് കാണാതായത്. ഇവരുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജുവിന്റെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ മൊത്ത വില്പന ഏജന്‍സി ശരിയാക്കിത്തരാം എന്നു വാഗ്ധാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാരോപിച്ച് 4 വ്യാപാരികളും പൊലീസിനു പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരിലെ ധാരാപുരത്തു നിന്നാണ് ബിജുവിനെയും കുടുംബത്തെയും കണ്ടെത്തിയത്. ഇയാള്‍ ടാക്സ് കണ്‍സല്‍ട്ടന്റായി ജോലി ചെയ്തിരുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 3 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസുകള്‍. തമിഴ്നാട് സ്വദേശിനിയാണു ബിജുവിന്റെ ഭാര്യ. ഭാര്യുടെ പേരുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇവരുടെ ചെക്ക് ലീഫുകള്‍ സ്വന്തമാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ജിജിമോന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എസ്.ജോളി, നിയാസ് മീരാന്‍, എം.എസ്.സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


