2013-ലെ മുസാഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി നിയമസഭാംഗം വിക്രം സൈനിക്കും മറ്റ് 11 പേര്‍ക്കും പ്രത്യേക എംപി/ എംഎല്‍എ കോടതി രണ്ട് വര്‍ഷത്തെ തടവ്ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്ജി ഗോപാല്‍ ഉപാധ്യായയുടേതാണ് വിധി. ഇവര്‍ക്ക് 10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
ഉത്തര്‍പ്രദേശിലെ ഖതൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സൈനിയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് 25,000 രൂപ വീതമുള്ള രണ്ട് ആള് ജാമ്യത്തില്‍ വിടുകയും ചെയ്തു. ശിക്ഷയ്ക്കെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഐപിസി സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തി സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുന്നത്), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തല്‍), 149 (നിയമവിരുദ്ധമായ സമ്മേളനം) എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിക്രം സൈനിക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെ കവാല്‍ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബിജെപി എംഎല്‍എയും മറ്റ് 26 പേരും വിചാരണ നേരിട്ടത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഹിന്ദു മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷമാണ് മുസാഫര്‍ നഗര്‍ കലാപം എന്നറിയപ്പെടുന്നത്.
42 മുസ്ലിമുകളും, 20 ഹിന്ദു സമുദായക്കാരും ഈ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകള്‍ക്ക് മുറിവേല്‍ക്കുകയും, പതിനായിരക്കണക്കിനാളുകള്‍ക്ക് അവര്‍ താമസിച്ചിരുന്ന സ്ഥലം വിട്ടോടിപ്പോകേണ്ടിയും വന്നു.

