കണ്ണൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സന് തില്ലങ്കേരിക്കെതിരെ കേസ്. തില്ലങ്കേരിയ്ക്കൊപ്പം 200 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് തില്ലങ്കേരി അടക്കമുള്ളവര്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.
എസ്.ഡി.പി.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രകടനമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തില്ലെന്ന് അറിയിച്ചാണ് പ്രകടനത്തിന് അനുമതി വാങ്ങിയത്. എന്നാല്‍, അത് ഹിന്ദു ഐക്യ വേദി ലംഘിച്ചു. പ്രകടനത്തിനു ശേഷം തില്ലങ്കേരി പ്രകോപനരമായ പ്രസംഗം നടത്തുകയും ചെയ്തു.
പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വത്സന് തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം.


