വടകര: കോഴിക്കോട് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരും അറസ്റ്റില്‍. വര്‍ഷങ്ങളുടെ ഇടവേളയില്‍ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച് നല്കിയ ജ്വല്ലറി ജീവനക്കാരന് മാത്യുവും സ്വര്ണ്ണപ്പണിക്കാരന് പ്രജുകുമാറുമാണ് അറസ്റ്റിലായിരിക്കുന്നത്.
അതേസമയം, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. കൊല നടത്തിയത് താന്‍ തന്നെയാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ജോളി. സയനൈഡ് എത്തിച്ച് നല്‍കിയത് താന്‍ തന്നെയാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ജോളിയുടെ ബന്ധുവാണ് ജ്വല്ലറി ജീവനക്കാരനായ മാത്യു. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് സയനൈഡ് എത്തിച്ച് നല്‍കിയതെന്നാണ് മാത്യുവിന്റെ മൊഴി. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് സയനൈഡ് കൊടുത്തതെന്നും മാത്യു വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊലപാതകങ്ങളെല്ലാം താന്‍ മാത്രമാണ് ചെയ്തതെന്നാണ് തുടര്‍ച്ചയായി ജോളി പോലീസിനോട് പറയുന്നത്. തന്റെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജു സ്കറിയയ്ക്ക് ഇതില്‍ പങ്കില്ലെന്ന് ജോളി ആവര്‍ത്തിക്കുന്നു. ആറ് കൊലപാതകങ്ങള്‍ക്ക് പുറമെ മുന്‍ഭര്‍ത്താവ് റോയി മാത്യുവിന്റെ സഹോദരി റെന്‍ജിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പദ്ധതി പാളിപ്പോവുകയായിരുന്നു. കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടി. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി പോലീസ് വിശദമായ മൊഴിയെടുക്കുകയായിരുന്നു. പിന്നീട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്.
ജോളിയുടെ ഭര്‍തൃപിതാവും കൊല്ലപ്പെട്ട രണ്ടാമത്തെയാളുമായ ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു സ്കറിയ. ഇയാളെ 2017ല്‍ ജോളി വിവാഹം ചെയ്തിരുന്നു. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു. 2016-ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു. ഇയാള്‍ക്കും ഇയാളുടെ പിതാവ് സ്കറിയയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.


