മാന്നാർ കല കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഈ മാസം എട്ടാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ തുടരും. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. 15 വർഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി പറയുന്നു. അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടെന്നും സാക്ഷി സുരേഷ് പറഞ്ഞു. കൊലപാതകത്തിൽ ആയുധം ഉപയോഗിച്ചതായാണ് പൊലീസ് സംശയം. ഇതിനായി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്


