മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വാഹനമോടിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഒന്നാം പ്രതിയും കാറില്‍ ഒപ്പമുണ്ടായിരുന്ന പെണ് സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമായ കുറ്റപത്രമാണ് തിരുവനന്തപും വഞ്ചിയൂര്‍ സി ജെ എം കോടതി മൂന്നില്‍ സമര്‍പ്പിച്ചത്. മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടം കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഐപിസി 304 മനപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനേമാടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ശ്രീറാമിന് എതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച ശ്രീറാമിനെ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വഫക്ക് എതിരായ കുറ്റം. വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്ന് 66 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 100 സാക്ഷികളെ വിസ്തരിച്ചു. 75 തൊണ്ടിമുതലുകളും 84 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
2019 ആഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിന് ദാരുണ അന്ത്യം സംഭവിച്ചത്. രാത്രി ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്േറ്റഷനു സമീപം വെച്ച് ശ്രീറാം അമിതവേഗത്തില്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


