ഇടുക്കി: പൂപ്പാറയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് 90 വർഷം തടവ്.ദേവികുളം അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്.
തമിഴ്നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവർക്കാണ് തടവ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് 90 വർഷം തടവുശിക്ഷ വിധിച്ചത്.
കൂടാതെ 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ തുക പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി വിധി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2022 മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മദ്യപിച്ചെത്തിയ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കൃത്യം നടത്തുക എന്ന ഗൂഢാലോചനയോടെയാണ് ആറുപേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതികള്‍ക്കെതിരാണ്. അതിനാല്‍ പ്രതികള്‍ കടുത്ത ശിക്ഷ അർഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പ്രായം പരിഗണിച്ച് പരമാവധി ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല.


