കൊച്ചി: വാട്സാപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐടി നിയമങ്ങള്‍ കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ല എന്ന കേന്ദ്രസര്‍ക്കാരിൻ്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഇത് വ്യക്തമാക്കിയത്. ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജി അപക്വമാണെന്നും കോടതി പറഞ്ഞു.
കുമളി സ്വദേശി ഓമനക്കുട്ടന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പാലിച്ചില്ലെങ്കില്‍ വാട്സാപ്പ് നിരോധിക്കണം എന്നും ആയിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം. വാട്സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയില്‍ കൃത്രിമം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പൊലീസ് മേധാവിയുടേയും നിലപാട് തേടിയിരുന്നു. ഐടി നിയമത്തിലെ പുതിയ ഭേദഗതികള്‍ നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.


