അട്ടപ്പാടി മധു കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന് രാജി വെച്ചു. അഡ്വ. രാജേഷ് എം.മേനോന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റു. കേസില്‍ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി.രാജേന്ദ്രന്. അഡ്വ. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം. മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
കേസില്‍ കൂടുതല്‍ സാക്ഷികള്‍ ഇനിയും കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോന് പറഞ്ഞു.അത് തടയുക വലിയ വെല്ലുവിളിയാണ്. കേസ് നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ പ്രോസിക്യൂന് സാധിക്കാത്തതില്‍ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിരുന്നു.


