മണ്ണാര്‍ക്കാട്: വ്യാജരേഖ ചമച്ച കേസില്‍ കെ. വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിന് എത്തുകയും അതുവെച്ച് ജോലിതരപ്പെടുത്താന് ശ്രമിച്ചെന്നുമുള്ള കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.
മണ്ണാര്‍ക്കാട് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. സംസ്ഥാനം വിട്ട് പുറത്തുപോകരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.
അതേസമയം, കാസര്‍കോട്ടെ കേസില്‍ നിലേശ്വരം പോലീസ് വിദ്യയെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. കരിന്തളം കോളേജില്‍ വ്യാജരേഖ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിലേശ്വരം പോലീസ് നടപടിക്കൊരുങ്ങുന്നത്.


