കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളെ വിമര്‍ശിച്ച് ഹൈക്കോടതി. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര് പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചത് എന്നാണ് കോടതി ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍ഗോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ച ശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടെ പാര്‍ട്ടിയുടെ കാസര്‍ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. നാളെ സമ്മേളന നടപടികള്‍ പൂര്‍ത്തിയാകും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ സമ്മേളനം അവസാനിപ്പിക്കുന്നത്.


