ന്യൂഡൽഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി തടയണമെന്ന ഹരജികളില്‍ സുപ്രിംകോടതി വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്ഐആര്‍ നടപ്പിലാക്കല്‍ ബുദ്ധിമുട്ടാണെന്ന് ഹാരിസ് ബീരാന് കോടതിയില്‍ പറഞ്ഞു. എസ്ഐആര്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ നിർത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയർത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു.കേരളത്തിൽ BLO ആത്മഹത്യ ചെയ്തസംഭവം ഉൾപ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും.
അതേസമയം,വിവാദങ്ങൾക്കിടെ എസ് ഐ ആർ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു ഖേൽക്കർ. ഭരണഘടന ഉത്തരവാദിത്തമാണ് BLO മാർ ചെയ്യുന്നത്. BLO മാർക്ക് ടാർഗറ്റ് ഉണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലുടെ ഉത്തരവാദിത്വം പൂർത്തികരിക്കണം. മഹത്തയ ലക്ഷ്യത്തിലേക്ക് എത്താൻ താനും തൻറെ ഓഫീസും പകലോ രാത്രിയോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.


