കൊച്ചി: അവയവദാന വിവാദത്തില്‍ ലേക്ഷോര് ആശുപത്രിക്കെതിരെ കോടതിയുടേത് ഗുരുതര കണ്ടെത്തലുകള്‍. കോടതി റിപ്പോര്‍ട്ടിനൊപ്പമുള്ള കേസന്വേഷണത്തിനാണ് നിര്‍ദ്ദേശം. വെള്ളം ചേര്‍ക്കാതെ പൊലിസ് അന്വേഷിച്ചാല്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കൊപ്പം ആശുപത്രിയും വലിയ നടപടി നേരിടേണ്ടിവരും. അതൊരുപക്ഷേ പൂട്ടലിലേക്കും വഴിവയ്ക്കുമെന്നാണ്നിയമ വിദഗ്ദര്‍ പറയുന്നത്.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചതായി നിര്‍ണ്ണായക റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്തിഷ്ക മരണം സംഭവിക്കുന്നതിനു മുന്‍പ് അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു. ഇവിടെ യോഗ്യതയില്ലാത്ത ഡോക്ടര്‍ അടങ്ങിയ സംഘമാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതെന്നും ഉത്തരവില്‍ പറയുന്നു. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിച്ചിരുന്നു. വിദഗ്ധ സംഘത്തിലെ ന്യൂറോ സര്‍ജനും ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിക്കാത്ത ആളാണെന്നും ഉത്തരവില്‍ പറയുന്നു.
മരണപ്പെട്ട എബിന്റെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍പ് പോസ്റ്റമോര്‍ട്ടം ചെയ്യുന്ന ഡോക്ടമാര്‍ക്ക് അവയവ ദാതാവിന്റെ ശരീരം പരിശോധിക്കാന്‍ അവസരം ഒരുക്കിയില്ലെന്നുള്ള അന്നത്തെ പുനരന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എബിന്റെ കരളും, വൃക്കയും നീക്കം ചെയ്ത കൂട്ടത്തില്‍ ഹൃദയത്തിന്റെ കുറെ ഭാഗങ്ങള്‍ കൂടി നീക്കം ചെയ്തിരുന്നതായി ചെയ്ത ഡോക്ടര്‍ മൊഴി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ലേക്ഷോര് ആശുപത്രിയിലെ ഡോ ബി. വേണുഗോപാല്‍ ഐപിസി 297 വകുപ്പ് പ്രകാരം കുറ്റംചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫെയ്മസ് വര്‍ഗീസ് 2011 ല്‍ സമര്‍പ്പിച്ച പുനപരിശോധന റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണം. എബിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അവയദാനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
എബിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്ക്ക് ദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിക്കെതിരെ കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്ജിയിന്മേല് കോടതി നിര്‍ദേശപ്രകാരം പൊലിസ് കേസെടുത്തിരുന്നു. എട്ട് ഡോക്ടര്‍മാരും കേസില്‍ പ്രതികളാണ്.
2009 നവംബര്‍ 29 നാണ് ഉടുമ്പന്‍ചോല സ്വദേശിയായ വിജെ എബിനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയണമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.
ശേഷം യുവാവിന്റെ അവയവങ്ങള്‍ വിദേശികള്‍ക്ക് ദാനം ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതര്‍ വിദേശികള്‍ക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരന് ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.