കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില് പൊളിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
സ്കൂള്‍ മതില് പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്.
ദേവസ്വം സ്കൂള്‍ ഗ്രൗണ്ടാണ് നവ കേരള സദസിനായി ഉപയോഗിക്കുന്നതെന്നും സ്കൂള്‍ മതില് പൊളിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അപ്പോഴാണ് നവകേരള സദസിനായി സ്കൂളുകളുടെ മതില് പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദ്യമുന്നയിച്ചത്.
അതെല്ലാം സംഭവിച്ചുപോയെന്നും പൊളിച്ച മതിലുകള്‍ എല്ലാം പുനര്നിര്മിക്കുമെന്നുമാണ് സര്‍ക്കാര്‍ മറുപടിയായി അറിയിച്ചത്. എന്നാല്‍ അതിരൂക്ഷ വിമര്‍ശനം തുടര്‍ന്ന കോടതി, മതിലുകള്‍ പുനര്‍നിര്‍മിക്കുമെന്ന് പറഞ്ഞാല്‍ അതിന് ഖജനാവിലെ പണമല്ലേ ഉപയോഗിക്കുന്നതെന്ന് ആവര്‍ത്തിച്ചു ചോദിച്ചു. അതിന് സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയില്ല.
തുടര്‍ന്ന്, ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി കേസില്‍ ചീഫ് സെക്രട്ടറിയെ കക്ഷിചേര്‍ക്കാൻ നിര്‍ദേശിച്ചു. നവകേരള സദസ് നോഡല്‍ ഓഫീസറും കൊല്ലം ജില്ലാ കളക്ടറും കൃത്യമായ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.


