കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയെന്നുമാണ് ഷാജ് കിരണിന്റെ ആരോപണം. ഷാജ് കിരണിനും ഇബ്രാഹിമിനും വേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
കേരളം വിട്ട ഷാജിനോടും ഇബ്രാഹിമിനോടും ഉടന്‍ ഹാജരാകാന്‍ പൊലീസ് അറിയിച്ചുവെന്നാണ് വിവരം. എന്നാല്‍ സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ലഭിച്ചാലുടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പൊലീസിനെ അറിയിച്ചു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.