കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദ് ചെയ്തു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസീന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ അവകാശമുള്ളുവെന്നും ഹര്‍ജിയില്‍ വാദിച്ചു.
ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് ഉത്തരവ്. സാങ്കേതിക തടസങ്ങള്‍ കണക്കിലെടുത്താണ് കേസ് റദ്ദാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിയായ അടിവസ്ത്രം കോടതിയില്‍ നിന്ന് കൊണ്ടുപോയി വെട്ടിച്ചുരുക്കി കൃത്രിമം കാണിച്ചെന്നായിരുന്നു ആന്റണി രാജുവിനെതിരായ കേസ്.
1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വറ്റോര്‍ സാര്‍വലിയെ അറസ്റ്റു ചെയ്തത്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്.


