കൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ നിന്നും കമ്മീഷനായി വാങ്ങിയ 4.5 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസിലാണ് ജാമ്യത്തിന് ശ്രമിക്കുന്നത്.
കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ശിവശങ്കറിന് ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ട പോലെ സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി ആരോപിച്ചു. കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആരോഗ്യപ്രശ്നമുള്ളതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.


