മൂവാറ്റുപുഴ: ഒരു അധ്യാപകന്റെ അശ്രദ്ധയില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ വര്‍ഷങ്ങളും നാട്ടിലെ ഉപരിപഠന സ്വപ്നങ്ങളും നഷ്ടമായ സംഭവത്തില്‍ ഒടുവില്‍ നീതി. മൂവാറ്റുപുഴ സ്വദേശിനി സ്നേഹമോള് പ്രമണിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മൂവാറ്റുപുഴ മുന്‍സിഫ് കോടതി വിധിച്ചു.2019-ലാണ് സംഭവം.
മൂവാറ്റുപുഴ എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്ന് പ്ലസ് ടു എഴുതിയ സ്നേഹമോളിന് ഇക്കണോമിക്സ് ഒഴികെ എല്ലാ വിഷയത്തിനും എ പ്ലസ് ആയിരുന്നു. ഇക്കണോമിക്സിന് മാത്രം 57 മാര്‍ക്ക്. സംശയം തോന്നി പുനര്‍മൂല്യനിര്‍ണയത്തിന് നല്കിയപ്പോള് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു – 80-ല്‍ 80 മാര്‍ക്ക്!. പക്ഷേ ആ സത്യം പുറത്തുവന്നത് ജൂലൈ 22-നായിരുന്നു. അപ്പോഴേക്കും കേരളത്തിലെ കോളേജുകളിലെ മെറിറ്റ് സീറ്റുകള്‍ എല്ലാം കഴിഞ്ഞിരുന്നു. നാട്ടില്‍ അഡ്മിഷന് കിട്ടാതെ വന്നതോടെ ലക്ഷങ്ങള്‍ കടം വാങ്ങി സ്നേഹമോളിന് കാനഡയിലേക്ക് പോകേണ്ടി വന്നു.
അനാസ്ഥയ്ക്കെതിരെ 2021-ല്‍ സ്നേഹമോള് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചു. ‘തെറ്റ് ചെയ്ത അധ്യാപകനെതിരെ നടപടി എടുത്തു, ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’ എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വാദം. എന്നാല്‍ കുട്ടിയുടെ കരിയറും മാനസിക സംഘര്‍ഷവും കണക്കിലെടുത്ത് കോടതി ആ വാദം തള്ളി.കോടതി ചെലവ് ഉള്‍പ്പെടെ 4 ലക്ഷം രൂപ നല്‍കാനാണ് വിധി. സംസ്ഥാന സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, ആര്.ഡി.ഡി എന്നിവര്‍ സംയുക്തമായാണ് തുക നല്‍കേണ്ടത്.സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി. രാധാകൃഷ്ണന്, ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഒ.വി. അനീഷ് എന്നിവരുടെ പിന്തുണയോടെയാണ് ഈ പോരാട്ടം വിജയിച്ചത്.
അതേസമയം, കൃത്യവിലോപം കാട്ടിയ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തരം അധ്യാപകരുടെ അനാസ്ഥയില്‍ ഓരോ വര്‍ഷവും തകരുന്നത് വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളാണെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.

