എന്‍.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയനിൽ അനധികൃതമായി നടത്തിയിട്ടുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ 2 ആഴ്ച്ചകള്‍ക്ക് മുന്‍പ് എന്‍.എസ്.എസ്. യൂണിയന് ഓഫീസിന്റെ തെക്ക് ഭാഗത്ത് മുന്‍സിപ്പാലിറ്റി റോഡിലേക്കുള്ള മതിലുകള്‍ പൊളിക്കുകയും, കെട്ടിടത്തിന്റെ ഭിത്തികള്‍ പൊളിച്ചുമാറ്റി ഷട്ടറുകള്‍ സ്ഥാപിക്കുകയും, അയ്യപ്പക്ഷേത്രത്തിൽ നിന്നാരംഭിച്ച് കാഞ്ഞിരക്കാട് ഭാഗത്തേക്ക് പോകുന്ന മുന്‍സിപ്പാലിറ്റിയുടെ റോഡിലേക്ക് ഇറക്കിവച്ച് സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ 22/09/2020 ന് മുന്‍സിപ്പാലിറ്റി പണികള്‍ നിര്‍ത്തിവയ്ക്കാനും, നിയമവിരുദ്ധമായി പണികഴിപ്പിച്ചത് പൊളിച്ചുനീക്കാനും, എന്‍.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയന് നോട്ടീസ് നðകിയിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചതിനുശേഷവും നിയമവിരുദ്ധമായി പണികഴിപ്പിച്ചത് പൊളിച്ചുനീക്കാതെ കെട്ടിടത്തിന്റെ ബാക്കിപണികള്കൂടി തീര്‍ക്കാനാണ് എന്‍.എസ്.എസ്. യൂണിയന് ശ്രമിച്ചത്.
കേരള നഗരസഭ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിൽ മുന്‍സിപ്പാലിറ്റി റോഡിൽ നിന്ന് കുറഞ്ഞത് മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിലവിലെ നിയമം പറയുന്നത്. നിലവിൽ എന്‍.എസ്.എസ്. യൂണിയന് കെട്ടിടം നേഴ്സറി സ്കൂള്‍, ഓഫീസ് ആവശ്യം എന്ന ക്യാറ്റഗറിയിലാണ് നഗരസഭയുടെ രേഖകളിൽ കിടക്കുന്നത്. നിയമപ്രകാരം കെട്ടിടത്തിന്റെ ഒക്കുപ്പെന്‍സി (ക്യാറ്റഗറി) മാറ്റുവാന്‍ ഇന്ന് നിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കണമെന്നാണ് നിയമം. ഇതൊന്നും പാലിക്കാതെ നിയമ വിരുദ്ധമായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ നോട്ടീസ് ലഭിച്ചിട്ടും എന്‍.എസ്.എസ്. നിയമവിരുദ്ധമായി വീണ്ടും തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൂടാതെ നഗരസഭയുടെ അനുമതിയില്ലാതെയാണ് മുന്‍സിപ്പാലിറ്റി റോഡിനോട് ചേര്‍ന്ന് ശുചിമുറി നിര്‍മ്മിച്ചതും, മുകളിൽ ഓഡിറ്റോറിയം നിര്‍മ്മിച്ചതും മുകളിലത്തെ നിലയിൽ ഓഡിറ്റോറിയത്തിനോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ യാതൊരു അനുമതിയും നഗരസഭ നൽകിയിട്ടില്ലെന്നും, കെട്ടിടം നേഴ്സറിസ്കൂള്‍ ആവശ്യത്തിനും, ഓഫീസ് ഉപയോഗത്തിനും വേണ്ടിയുള്ളതാണെന്നും, കെട്ടിടത്തിന്റെ നികുതി അടച്ചിട്ട് 5 വര്‍ഷത്തിൽ കൂടുതലായി എന്നും നഗരസഭയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകളിൽ പറയുന്നു.
എന്‍.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയന് മുന്‍ഭരണസമിതി അംഗം ബി ജയകുമാറാണ് അനധികൃത നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും അതുവഴി അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുവാന്‍ കോടതി ഉത്തരവ് നേടിയതും. ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ പ്രാബല്യത്തിൽ വരുത്തിയില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് വീണ്ടും മേൽക്കോടതിയെ സമീപിക്കുമെന്ന് ബി ജയകുമാര്‍ വ്യക്തമാക്കി.


