മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും. ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജികള്‍ ഡിവിഷന് ബെഞ്ച് തള്ളി. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂനിയനും നല്കിയ അപ്പീല്‍ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്. മീഡിയാവണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അമന് ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ ചാനല്‍ പ്രതിനിധികള്‍ വ്യക്തമാക്കി.


