അഗളി: ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമ സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന് മമ്മൂട്ടിയുടെ ഓഫീസ്. മധുവിന്റെ സഹോദരി സരസുവാണ് ഇക്കാര്യം അറിയിച്ചത്.
നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മമ്മൂട്ടിയുടെ ഓഫിസില്‍നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്നാണ് സൂചന.
മധുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും മറ്റുള്ള കാര്യങ്ങള്‍ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
കേസില്‍ തുടക്കം മുതല്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി രണ്ടുമാസം മുമ്പ് വി.ടി രഘുനാഥ് കത്ത് നല്‍കിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷനാണ് നിയമവകുപ്പ് സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കോടതിയില്‍ വിചാരണ നീണ്ടുപോകുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന് നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.
2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലികൊന്നത്. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളില്‍ സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാര്‍ക്കാട് എസ്.സി / എസ്.ടി കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യറായില്ല. നൂറുകണക്കിന് കേസുകള്‍ വാദിക്കുന്ന മണ്ണാര്‍ക്കാട് എസ്.സി / എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടര്‍ തന്നെ മധു വധക്കേസും വാദിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.


