കൊച്ചി: സിനിമാ പോസ്റ്റർ സജീവ ചർച്ചയാക്കി തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സിനിമ. അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രേംനസീറിന്റെ ഫോട്ടോകൾ സിനിമാ പോസ്റ്ററുകളിലും ഹോർഡിങ്സുകളിലും സോഷ്യൽ മീഡിയകളിലും വ്യാപകമായി സജീവമായതോടെയാണ് വിവിധ ചർച്ചകൾ തുടങ്ങിയത്. പ്രേംനസീറുമായി ബന്ധപ്പെട്ട കാര്യങ്ങളുമായാണ് ഈ സിനിമ കഥ പറയുന്നതെന്നും അതല്ലെന്നും പ്രേംനസീറിന്റെ അപരൻ സിനിമയിൽ ഉണ്ടെന്നുമൊക്കെയാണ് ചിത്രീകരണ സമയത്തു പറഞ്ഞു കേട്ടത്.
അർജുൻ, ഭഗത്, ബൈജു, സുധിർ കരമന, ദേവികനമ്പ്യാർ, ആര്യ, സീമ.ജി. നായർ, കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്, സജിമോൻ പാറയിൽ, സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ ഫോട്ടോയുടെ നടുവിലായാണ് പ്രേംനസീറിന്റെ ഫോട്ടോ വലിയ സൈസിൽ ഉപയോഗിച്ചിരിക്കുന്നത്.
സ്പാറയിൽ ക്രീയേഷന്സിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്ന് നിർമ്മിച്ച് സുജൻ ആരോമൽ കഥ, തിരക്കഥ എഴുതിയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സംവിധാനം ചെയ്തത്.
പ്രേംനസീറിന്റെ കൂട്ടു കുടുംബം എന്ന സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച എക്കാലത്തെയും മനോഹരഗാനമായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ വരിയാണ് സിനിമയുടെ പേരായി ഉപയോഗിച്ചത്.