അന്തരിച്ച സംവിധായകന് സേതുമാധവനെ കുറിച്ച് അഞ്ച് വര്‍ഷം അദ്ദേഹത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന് കമല്‍. ഗുരുനാഥനെന്ന രീതിയില്‍ അദ്ദേഹം പകര്‍ന്ന് തന്ന അറിവ് വിലമതിക്കാനാവാത്തതാണെന്ന് കമല്‍ പറയുന്നു.
പ്രേംനസീറിന്റെ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ജനസമൂഹത്തെ അതിന് പുറത്തും സിനിമകളുണ്ടെന്ന് അദ്ദേഹം കാണിച്ച് തന്നു. യക്ഷി, കടല്‍പ്പാലം പോലുള്ള സത്യന് സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയുടെ മറ്റൊരു തലം മലയാളികള്‍ക്ക് മുന്നില്‍ തുറന്നിട്ടു. സേതുമാധവന്റെ സിനിമകളിലൂടെയാണ് മലയാള സിനിമയുടെ പുതിയ മുഖം 60-70 കാലഘട്ടത്തില്‍ കണ്ടത്.
സാഹിത്യ സൃഷ്ടികളെ ദൃശ്യവത്കരിച്ചു അദ്ദേഹം. വായനക്കാര്‍ ഏറ്റെടുത്ത സാഹിത്യ കൃതികളുടെ ആത്മാവ് നഷ്ടപ്പെടാതെ പകര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. തകഴി, കേശവദേവ് എന്നിവരുടെ നോവലുകള്‍ സിനിമയാക്കുന്നത് ശ്രമകരമാണ്. ഒത്തിരി പേജുകളുള്ള നോവലുകള്‍ രണ്ടരമണിക്കൂറിലേക്ക് ചുരുക്കി സിനിമയാക്കി കൈയടി നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം കൈയൊതുക്കവും മിടുക്കുമാണ്. സത്യന് എന്ന നടനെ മലയാളികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചത് സേതുമാധവനാണ്.
ചോക്ലേറ്റ് നടനില്‍ നിന്ന് പ്രേംനസീറിന്റെ മറ്റൊരു മുഖം മലയാളിക്ക് കാണിച്ച് തന്നത് സേതുമാധവനായിരുന്നു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും പ്രേംനസീര്‍ വില്ലനായി വന്നിട്ടുണ്ട്. സംവിധായകനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു അതെന്ന് കമല്‍ അടിവരയിടുന്നു.
ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രശസ്ത സംവിധായകന് കെ എസ് സേതുമാധവന് (90) അന്തരിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ ആയിരുന്നു അന്ത്യം.


