താര സംഘടനയായ അമ്മയുടെ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു. ആശാ ശരത്ത് പരാജയപ്പെട്ടു. ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്, വിജയ് ബാബു എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ടെടുപ്പിനു കളം ഒരുങ്ങിയെങ്കിലും എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമില്ല.
ട്രഷറര്‍ സ്ഥാനത്തേക്കു സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി പദത്തിലേക്കു ജയസൂര്യക്കും എതിരില്ല. കടുത്ത മത്സരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണുണ്ടായിരുന്നത്. ഔദ്യോഗിക പാനലിന്റെ ഭാഗമായി ശ്വേത മേനോനും ആശാ ശരത്തും മത്സരിച്ചു. മണിയന് പിള്ള രാജുവായിരുന്നു മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്‍വലിച്ചു.
വനിത പങ്കാളിത്തം പ്രധാനമാണെന്നും അടുത്ത മൂന്നു വര്‍ഷം സാഹചര്യം അനുകൂലമാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.