ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര് വരമ്പുകള്‍ ലംഘിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ജോജു ജോര്‍ജ് കാണിച്ചു കൂട്ടിയ അക്രമങ്ങള്‍ ഖേദകരം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി. ജോജു ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരന് പറഞ്ഞു.
മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയത്. വാഹനം തകര്‍ത്തത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും സാഹചര്യമുണ്ടാക്കിയത് ജോജു ജോര്‍ജ് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം ജോജുവിനെതിരെ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പരാതി നല്‍കുമെന്നും അറിയിച്ചു.
പൊലീസ് വേണ്ട വിധത്തില്‍ ഇടപെടാന്‍ തയാറായില്ല. ഇന്ധനവില വര്‍ധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടന് ജോജു ജോര്‍ജും രംഗത്തെത്തി. ഇതേ തുടര്‍ന്ന് ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
ഗതാഗതം തടസപ്പെട്ടതോടെ കാറില്‍ യാത്രചെയ്യുകയായിരുന്ന നടന് ജോജു ജോര്‍ജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോര്ജു കുറ്റപ്പെടുത്തി. ഷോ കാണിക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേര്‍ന്നു.
ഉപരോധസമരം അവസാനിച്ച് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ അടിച്ചുതകര്‍ത്തു. ജോജു ജോര്‍ജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍, കൂടുതല്‍ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ഇന്ധന വില വര്‍ധനവിനെതിരായി തങ്ങള്‍ നടത്തിയ സമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് ഷിയാസ്. ജോജു വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു. വിഷയത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.