അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ഷംനാ കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഈ വിവരം അറിയിച്ചത്. വാര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.
മാതാപിതാക്കള്ക്കൊപ്പമിരുന്നാണ് ഷംന പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ മാതാപിതാക്കള്‍ വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമാകാന്‍ പോകുകയാണെന്നാണ് ഷംന പറഞ്ഞത്. തന്റെ സന്തോഷം കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്കുമുറിച്ചാണ് അവര്‍ ആഘോഷിച്ചത്.
ഷംന കാസിംവിവാഹിതയായത് ഒക്ടോബര്‍ 24 തീയതി ആയിരുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനി. ദുബായിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി മൂണ്ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും ശ്രദ്ധനേടി. അന്യഭാഷകളില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.


