സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് നടന് ജോബി വിരമിച്ചു. 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കെ.എസ്.എഫ്.ഇയില്‍ സീനിയര്‍ മാനേജരായിട്ടാണ് അദ്ദേഹം വിരമിച്ചത്. സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ജോബിയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്കി.
മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ജോബി കലാരംഗത്ത് സജീവമായത്. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും സ്ഥിരവരുമാനം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ജോലിയ്ക്ക് ശ്രമിക്കുകയായിരുന്നു. 1999 ല്‍ പി.എസ്.സി പരീക്ഷയെഴുതി ജൂനിയര്‍ അസിസ്റ്റന്റായി സര്‍വ്വീസ് ആരംഭിച്ചു.
മിമിക്രിയും നാടകവും കളിച്ചു കിട്ടുന്ന പണംകൊണ്ടാണ് കുടുംബം നോക്കിയിരുന്നത്. വിവാഹശേഷവും അങ്ങനെയായിരുന്നു. പിന്നീടാണ് സര്‍ക്കാര്‍ ജോലിയ്ക്ക് ശ്രമിച്ചത്- ജോബി പറയുന്നു. 2018 ല്‍ മണ്ണാം കട്ടയും കരിയിലയും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു.
തന്റെ സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ടുമാത്രമാണ് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതെന്ന് ജോബി കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഇനിയുള്ള കാലം സിനിമയില്‍ സജീവമാകണം. ഓട്ടിസമുള്‍പ്പെടെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാലയം തുടങ്ങണം എന്നീ ലക്ഷ്യങ്ങളാണ് തനിക്ക് മുന്നിലുള്ളതെന്ന് ജോബി കൂട്ടിച്ചേര്‍ത്തു.


