തിരുവനന്തപുരം: ബലാത്സംഗകേസില്‍ മുകേഷില്‍ നിന്നും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം. ഇന്ന് ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി.
നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കും. സമിതി പുനസംഘടിപ്പിക്കുമ്പോള്‍ ആയിരിക്കും ഒഴിവാക്കല്‍. കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്നാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പ്രതികരിച്ചത്. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജന് പറഞ്ഞിരുന്നു.
സിപിഐ മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് നടനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്. ഇത് മുന്നണിക്കിടയില്‍ ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന നേതൃത്വം ആവശ്യം ഉന്നയിക്കാത്താതിനാലാണ് ആനിരാജയും പ്രകാശ് ബാബുവും അടക്കമുള്ളവരുടെ ആവശ്യത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.