കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയ കേരള സ്റ്റോറി 2 സിനിമ കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിംഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗൽ തിയേറ്ററിൽ ബുക്ക് ചെയ്തത് രണ്ടു പേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്തു.
നിലവില്‍ എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ രാവിലെ 10.30ന് നടക്കും. ഷോ നടക്കുന്ന ജില്ലയിലെ പാൻ സിനിമസ് തിയറ്ററില്‍ ആകെ ബുക്ക് ചെയ്തത് 6 പേർ മാത്രമാണ്. പിവിആറില്‍ രണ്ടുപേരാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രമുഖമായ ഷേണായി തിയറ്ററിലും ആളുകള്‍ എത്തിയിട്ടില്ല. കേരളത്തില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്ത് സിനിമയ്ക്ക് കിട്ടുന്ന റെസ്പോണ്‍സ് എന്താണെന്ന് വരും മണിക്കൂറുകളില്‍ അറിയാനാകും.


