വിജയ് പി നായരുടെ പരാതിയില്‍ കേസ് എടുത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. കേസ് കൊടുത്താല്‍ തന്നെ സൈബര്‍ നിയമം ശക്തമല്ലെന്ന് പറഞ്ഞ് പൊലീസുകാര്‍ തന്നെ നിസ്സഹായരായി കൈ മലര്‍ത്തുകയാണ് ചെയ്യുന്നത്. അവരെയും കുറ്റം പറയാന്‍ പറ്റില്ല. നിയമമില്ലാത്തത് കൊണ്ട് ആര്‍ക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയാണ്. സോഷ്യല്‍ മീഡിയയില്‍ കുറേനാളായി പലരും ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് ഭാഗ്യലക്ഷ്മി.
ചെയ്ത പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നേരത്തെയും ഇത്തരത്തിലുള്ള യൂട്യൂബ് ചാനലുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതാണോ വരുമാന മാര്‍ഗം ആയി സ്വീകരിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. നേരത്തെ ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോള്‍ യൂട്യൂബില്‍ പരാതി നല്കി വിഡിയോ പിന്വലിപ്പിച്ചുവെങ്കിലും വീണ്ടും അത്തരത്തില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടു. എന്ത് തരം ഭയമില്ലായ്മയാണിതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
മൂന്ന് കൊല്ലം മുന്‍പ് തന്റെയും ആണ്മക്കളുടെയും ഫോട്ടോ ഇത്തരത്തില്‍ മോശമായി പ്രചരിച്ചിരുന്നു. അന്ന് കേസ് കൊടുത്തപ്പോള്‍ ചെയ്തയാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശേഷം ജാമ്യത്തില്‍ വിട്ടു. കോടതിയില്‍ കേസുപോലും ആയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


