പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
മൂവായിരത്തിലേറെ ജനപ്രിയ ഗാനങ്ങള്‍ രചിച്ച പ്രതിഭയാണ് വിടവാങ്ങിയത്. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദര്‍ഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അസാമാന മികവ് പുലര്‍ത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.
ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനം രചിച്ചെങ്കിലും ആദ്യം പുറത്തിറങ്ങിയത് നടന് മധു സംവിധാനം ചെയ്ത അക്കല്ദാമയെന്ന ചിത്രമായിരുന്നു. എ.ടി ഉമ്മര്‍, രവീന്ദ്രന്, ദേവരാജന്‍, ഇളയരാജ അടക്കം പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം തുടര്‍ച്ചയായ ഹിറ്റ് പരമ്പരകള്‍. സംഗീത സംവിധായകന് ശ്യാമിന് വേണ്ടിയാണ് ഏറ്റവുമധികം ഗാനമെഴുതിയത്. മനസിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളിലുള്ള ഗാനങ്ങളായിരുന്നു ബിച്ചു തിരുമലയുടെ സവിശേഷത.
1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായാണ് ബി. ശിവശങ്കരന് നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. യഥാര്‍ത്ഥ പേര് ബി ശിവശങ്കരന് നായര്‍ എന്നായിരുന്നു.


