നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകന് രഞ്ജിത്ത്. സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കുമെന്നും പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എനിക്കെതിരെ വ്യക്തിപരമായി നിദ്ധ്യമായ ആരോപണമാണ് ശ്രീലേഖ മിത്ര ഉന്നയിച്ചിരിക്കുന്നത്. താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായത് മുതല്‍ ഒരുക്കൂട്ടം ആള്ക്കാര് നടത്തുന്ന ഗൂഢാലോചനയുടെ അവസാന കാര്യം എന്ന നിലയിലാണ് ഈ ആരോപണം പുറത്തുവരുന്നത്. അതിനിടെ സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് ബംഗാൾ നടി ശ്രീലേഖ മിത്രയും രംഗത്തുവന്നു. രഞ്ജിത്തിന്റ രാജിയിൽ തനിക്ക് സന്തോഷം ഇല്ലെന്നും തന്റെ വെളിപ്പെടുത്തൽ കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നുവെന്നും നടി പ്രതികരിച്ചു.


