മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ പ്രാധാന്യം നല്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലെ ചിത്രമാണ്. അമല്‍ നീരദ് തന്നെയാണ് നിര്‍മാണം. ഏറെ സസ്പെന്‍സ് നിറച്ച ട്രെയിലര്‍ സസ്പെന്‍സായി അര്‍ധരാത്രിയാണ് എത്തിയത്.
മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനിപ്പുറമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയത്. താരസമ്പന്നമാണ് ഭീഷ്മ പര്‍വ്വം. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നദിയ മൊയ്തു, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം സുഷിന് ശ്യാം. ചിത്രസംയോജനം വിവേക് ഹര്ഷന്. റഫീഖ് അഹമ്മദും വിനായക് ശശികുമാറും ചേര്‍ന്നാണ് പാട്ടുകളുടെ വരികളെഴുതിയത്.
കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്. കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ഭീഷ്മ പര്‍വ്വം മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തും.