തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തും മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘തുനിവ്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. നരച്ച താടിയും മുടിയുമായി തോക്കേന്തി മാസ് ലുക്കില്‍ ഇരിക്കുന്ന അജിത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമായിരിക്കും തുനിവ് എന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം ഏറെ അഭിനന്ദനം നേടിയ അസുരന് എന്ന ചിത്രത്തിനും ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുനിവ്. വെള്ളരി പട്ടണം, ആയിഷ, 9എംഎം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.