വിനായകനെതിരെ കേസെടുക്കരുതെന്നും ഏതെങ്കിലും ഒരു നിമിഷത്തില്‍ വിനായകന് എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കില്‍ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കില്‍ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന് പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന് തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് വിനായകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.
ഡി.സി.സി. ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയതറ എന്നിവരാണ് വിനായകനെതിരേ സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിനും നോര്‍ത്ത് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ക്കും പരാതിനല്‍കിയത്. ഇതിനുപുറമേ നാലു പരാതികള്‍കൂടി നോര്‍ത്ത് പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


