ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാര്‍. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു സംഗീതാര്‍ച്ചന നടത്തിയിരിക്കുന്നത് മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളത്തിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റില്‍ ചാംപ്സ് മത്സരാര്‍ഥികളാണ്.
ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളെല്ലാം സൈബര്‍ ലോകത്താണ്. കോവിഡ് കാലത്ത് ഫാന്‍സിന്റെ ആഘോഷങ്ങളെല്ലാം വീടുകളില്‍ ചുരുങ്ങിയിരിക്കുന്നു. ലാലേട്ടനും അതിന് ഒരുത്തമ മാതൃക കാട്ടിയിട്ടുണ്ട്. ആര്ഭാടങ്ങളില്ലാതെയുള്ള പിറന്നാളാണ് അദ്ദേഹത്തിനിന്ന്.
ഈ സാഹചര്യത്തില്‍ കുട്ടി താരങ്ങള്‍ അവരവരുടെ വീട്ടിലിരുന്നു പ്രിയതാരത്തിന് വേണ്ടി പാടിയ ആശംസാ വിഡിയോകളാണ് സീ കേരളം ഒരുക്കിയിരിക്കുന്നത്്. കുട്ടി ആരാധകരുടെ ഈ ചെറുവിഡിയോ അവരുടെ പ്രിയ ലാലേട്ടനു മാത്രമല്ല, പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ജനപ്രിയ വിനോദ ചാനലായി മാറിയ സീ കേരളത്തിലെ സരിഗമപ കേരളം ലിറ്റില്‍ ചാംപ്സ് ഇതിനകം കുട്ടി ഗായകപ്രതിഭകളുടെ മാസ്മരിക പ്രകടനം കൊണ്ട് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ബ്ലൈന്‍ഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്.
തുടക്കം മുതല്‍ തങ്ങളുടെ അത്ഭുതപ്രകടനങ്ങളിലൂടെ വിധികര്ത്താക്കളെയടക്കം ഇവര്‍ വിസ്മയിപ്പിച്ചു. 20 കുട്ടിപ്പാട്ടുകാര്‍ മത്സരാര്ഥികളായുള്ള പരുപാടിയില്‍ പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്‍, സംഗീത സംവിധായകരായ ഷാന്‍ റഹ്മാന്, ഗോപി സുന്ദര്‍ എന്നിവരാണ് പ്രധാന വിധികര്‍ത്താക്കള്‍.
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള് നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള് നേര്‍ന്നു. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില് ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.


