തിരുവനന്തപുരം: മുതിര്‍ന്ന നടി ഷീല നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു. നിയമസഭാ നടപടിക്രമങ്ങളും വിഐപി ഗ്യാലറിയിലിരുന്ന് കണ്ടശേഷമായിരുന്നു മടങ്ങിയത്. പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഷീല സ്പീക്കറുടെ ഓഫിസിനെ അറിയിക്കുകയായിരുന്നു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാന്‍ ഷീല എത്തി. സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു.പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയില്‍ എത്തിയത്.
കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദര്‍ശിച്ചു. ശേഷം അവര്‍ സഭയിലെ വിഐപി ഗാലറിയില്‍ എത്തി. സഭയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കര്‍ വിശദീകരിക്കുമ്പോള്‍ വിഐപി ഗാലറിയില്‍ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികള്‍ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.