മലയാള സിനിമയിലെ താര സംഘടനയാണ് ‘അമ്മ’ അസോസിയേഷന്. ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ഇപ്പോള്‍ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. ഒരിടവേളക്ക് ശേഷം താരങ്ങളെല്ലാം ഒത്തു കൂടിയ പരിപാടി കൂടിയായിരുന്നു ഇത്. നടി മഞ്ജു വാര്യരും പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു.
ഒരിടവേളയ്ക്കു ശേഷമാണ് ‘അമ്മ’ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലായിരുന്നു നടിയുടെ വരവ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വര്‍ഷങ്ങളായി അമ്മയില്‍ നിന്നും മഞ്ജു വാര്യര്‍ വിട്ടു നില്‍ക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
മുന്നൂറിലധികം താരങ്ങളാണ് യോഗത്തിന് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ബാബുരാജ്, രമേശ് പിഷാരടി, മഞ്ജു വാരിയര്‍, ശ്വേതാ മേനോന്, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, ഉണ്ണി മുകുന്ദന്, ആന്റണി വര്‍ഗീസ്, ടിനി ടോം, ലാല്‍ തുടങ്ങിയ എല്ലാവരും യോഗത്തില്‍ സന്നിഹിതരായി.
ഔദ്യോഗിക പാനല്‍ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവരാണ് ജയിച്ചത്. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനെയും മണിയന് പിള്ളരാജുവിനെയും തെരഞ്ഞെടുത്തു.


