മലയാളം, തുളു ഭാഷകളില്‍ ഒരേ സമയം ചിത്രീകരിക്കുന്ന ബീരന്‍ എന്ന ചിത്രത്തിന്റെ പൂജയും, പോസ്റ്റര്‍ പ്രകാശനവും കാസര്‍കോട് നടന്നു. വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ചിത്രം ഗോപി കുറ്റിക്കോല്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന് പൂജയ്ക്ക് ഭദ്രദീപം തെളിയിച്ചു.
തെയ്യം കെട്ടാന്‍ ആഗ്രഹിച്ച ബധിരനും, മൂകനുമായ ബീരെക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും, അത് മറികടക്കാന്‍ ശ്രമിക്കുന്ന ബീരെയുടെ പോരാട്ടവുമാണ് ബീരന്‍ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണവും കാഴ്ചവെക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 30-ന് കാസര്‍കോട് കര്‍ണാടക അതിര്‍ത്തികളിലായി ആരംഭിക്കും.

കൈലേഷ്, ഐ.എം. വിജയന്, മീര വാസുദേവ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരോടൊപ്പം, തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സേതു, ഡി.ഒ.പി -സജി നായര്‍, എഡിറ്റര്‍ – ബാബുരാജ്, ഗാനരചന – സേതുമാധവന് പാലായി, സംഗീതം – പ്രശാന്ത് കൃഷ്ണ, കല – സുരേഷ് പണിക്കര്‍, മേക്കപ്പ് -സുജില്‍, വിജേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബി.സി. കുമാരന്, സ്റ്റില്‍ – ദിനേശ് ഇന്‍സൈറ്റ്, ഡിസൈന്‍ – അതുല്‍ കോള്ഡ്ബ്രൂ, പി.ആര്.ഒ- അയ്മനം സാജന്.
തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറിന് പോസ്റ്റര്‍ കൈമാറി എം.പി. രാജ്മോഹന്‍ ഉണ്ണിത്താന് പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ് എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു. സാമൂഹ്യ സാംസ്ക്കാരിക, ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.


