മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു. സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാക്കളായ ആന്റോ ജോസഫും എസ്. ജോര്‍ജും രംഗത്തെത്തി. ഫെയ്സ് ബുക്കിലൂടെയാണ് ഇരുവരും സന്തോഷം പങ്കുവച്ചത്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ ജോസഫ് കുറിച്ചിരിക്കുന്നത്. ‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി’, ഇതായിരുന്നു എഫ്.ബി കുറിപ്പ്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ജോര്‍ജ് പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി എന്നാണ് ജോര്‍ജ് കുറിച്ചത്. നിമിഷനേരംകൊണ്ട് ആരാധകര്‍ പോസ്റ്റുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.
കഴിഞ്ഞദിവസം നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്കര്‍ സൗദാന്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കും എന്നും പറഞ്ഞിരുന്നു. ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയെത്തും.


