മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രമായ ‘ആയിഷ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും പോസ്റ്റര്‍ പുറത്തിറക്കി.
ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്ളീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍, പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ പോകുന്നുവെന്നതാണ് മറ്റൊരു വലിയ വാര്‍ത്ത.
ആയിഷയുടെ നൃത്ത സംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവയാണ്. ആയിഷ ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമായിരിക്കും ‘ആയിഷ’. യു.എ.ഇ യില്‍ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രമായി ലിഗറിനു ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ആയിഷ’.
ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന് സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്.
ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി,ബിനീഷ് ചന്ദ്രന് എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍,അറബി പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍-രോഹിത് കെ സുരേഷ്,ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ. ‘ആയിഷ’ യുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനം ആരംഭിക്കും. മാര്‍ച്ചില്‍ ചിത്രീകരണം അവസാനിക്കും.


