രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്കാന് ധാരണയായി. തിരക്കഥ ശ്രീകുമാര്‍ മേനോന് എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ മേനോന് നല്കിയ ഒന്നേകാല്‍കോടി അഡ്വാന്‍സ് തുക മടക്കി നല്‍കും. കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എം.ടിക്കെതിരെ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീകുമാര്‍ മേനോന് അപേക്ഷ നല്കി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി നല്കിയ ഹര്‍ജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് കരാര്‍ പ്രാബല്യത്തില്‍ വരും
തന്റെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമെന്ന് എംടി വാസുദേവന്‍ നായര്‍ പ്രതികരിച്ചു. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.