കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാണ നിര്‍വാഹകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്റെ 2022-2024 ഭരണ സമിതി തെരെഞ്ഞെടുപ്പിന് വേണ്ടി പ്രസിദ്ധികരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. യൂണിയന് അംഗങ്ങളും തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമായ കണ്ണന് പട്ടാമ്പി, ഗിരീഷ്ബാബു എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
വോട്ടര്‍ പട്ടികയിലെ 273 പേരില്‍ 160 പേരെ 2022 ലെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതെ തന്നെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് സെക്രട്ടറി ഷാജി പട്ടികര 2022ലെ തെരഞ്ഞെടുപ്പു വരണാധികാരി അഡ്വ. TB മിനി, എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.
കേസ് പരിഗണിച്ച കോടതി ഹര്‍ജിക്കാരുടെ പരാതിയില്‍ എറണാകുളം ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി. കേസ് വീണ്ടും ഈ മാസം 19ന് കേള്‍ക്കും. 20/08/2022 ന് എറണാകുളം കച്ചേരിപടിയിലെ ആശിര്‍ഭവനില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.