മംഗളൂരു: ദ കേരള സ്റ്റോറി കാണാനഭ്യര്‍ത്ഥിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര കവാടത്തില്‍ ഫ്ളക്സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ സ്ഥാപിച്ചത്. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് എഴുത്ത്. ‘മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ’, എന്നാണ് ഫ്ളക്സിലുള്ളത്. എന്നാല്‍ ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നോ ഫ്ളക്സില്‍ ഏതെങ്കിലും സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. ക്ഷേത്രത്തിന് പുറത്താണ് ബോര്‍ഡെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍ ഷെട്ടി പറഞ്ഞു.

