നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല.
കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്. അവർ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാർഥ്യമാണ് എന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂർണമാകൂ എന്നും മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കോടതി വിധിക്കെതിരെ പ്രതികരണവുമായി അതിജീവിതയും രംഗത്തുവന്നിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാം നഷ്ടപ്പെട്ടിരുന്നതായും അതിജീവിത സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിത വ്യക്തമാക്കി.
വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പ്രതികരിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദിയെന്ന് പറഞ്ഞാണ് അതിജീവിതയുടെ തുറന്ന കത്ത്. എട്ടുവർഷം, 9 മാസം ,23 ദിവസങ്ങൾ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിന്റെ നേരിയ കണികയായി മാത്രമാണ് ആറു പേർ ശിക്ഷിക്കപ്പെട്ട കേസിലെ വിധിയെ അതിജീവിത കാണുന്നത്. കെട്ടിച്ചമച്ച കേസ് എന്ന പരിഹസിച്ചവർക്ക് മുന്നിൽ കേസിന്റെ വിധി സമർപ്പിക്കുകയാണ് അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.


