സിനിമാ ലോകത്ത് അര നൂറ്റാണ്ട് തികച്ച മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. തന്നെ ആദരിക്കാന്‍ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ് മമ്മൂട്ടി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാന് ആണ് മമ്മൂട്ടിയുടെ നിലപാടിനെപ്പറ്റി വ്യക്തമാക്കിയത്.
സജി ചെറിയാന് ഫോണിലൂടെ ബന്ധപ്പെട്ടാണ് മമ്മൂട്ടിയെ വിവരം അറിയിച്ചത്. എന്നാല്‍, സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെ സമയം നല്‍കണമെന്ന് സജി ചെറിയാന് അഭ്യര്‍ത്ഥിച്ചു. ചെറിയ ചടങ്ങ് മതിയെന്ന് മമ്മൂട്ടി ആവര്‍ത്തിച്ചു. ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും പണം വേണമെങ്കിലും വേണ്ടെങ്കിലും അത് തങ്ങള്‍ക്ക് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ് എന്ന് സജി ചെറിയാന് പ്രതികരിക്കുകയും ചെയ്തു.
കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് അദ്ദേഹം നല്കിയ സംഭാവന മഹത്തായതാണെന്ന് സജി ചെറിയാന് പറഞ്ഞു. മികച്ച ആശയങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള മഹാനായ കലാകാരനാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ വച്ചാണ് മമ്മൂട്ടിയെ ആദരിക്കുമെന്ന് സജി ചെറിയാന് പ്രഖ്യാപിച്ചത്.
ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതു പോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോയത്. എന്നാല്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് സിനിമ, സാംസ്കാരിക മന്ത്രി സജി ചെറിയാന് നിയമസഭയില്‍ അറിയിച്ചു.
മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമ റിലീസ് ചെയ്തത്ത് 1971 ഓഗസ്റ്റ് ആറിനാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരും സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
സിനിമയില്‍ അന്‍പതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്മ പര്‍വ്വമാണ്’ ചിത്രികരണം നടന്നു കൊണ്ടിരിക്കുന്ന സിനിമ.


