സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചതുരം’ റിലീസിന് കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററിന് വന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നടി സ്വാസിക. റോഷനും സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ പോസ്റ്റിന് താഴെ വന്ന കമന്റിന് അവര്‍ നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരാള്‍ പോസ്റ്ററിന് താഴെ കമന്റ് ചെയ്തത്. കണിശമായ ഭാഷയില്‍ ആയിരുന്നു കമന്റിനോടുള്ള സ്വാസികയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഇല്ലേ എന്നും, ലൈംഗീക വിദ്യഭ്യാസത്തിന്റെ കാലത്ത് അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കൂ എന്നാണ് അവര്‍ കുറിച്ചത്.
സ്വാസികയുടെ വാക്കുകള്‍:
അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര് മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
അതേസമയം, ചതുരം ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്നും തിയതി ഉടന്‍ അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.