ശബ്ദത്തില്‍ മാസ്മരികതയില്‍ ഇന്ത്യയൊട്ടാകെ ആരാധക വലയം സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഇന്ത്യന്‍ സിനിമയില്‍ നിരവധി ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ 2002ല്‍ സീ ടിവിയിലെ സരിഗമ എന്ന ഷോയില്‍ വന്ന സമയത്ത് സംവിധായകന് സഞ്ജയ് ലീല ബനസലി പരിപാടി കാണുകയും സിനിമയില്‍ പാടാന്‍ അവസരം നല്‍കുകയും ചെയ്തു.
അതിന് ശേഷം ഉന്നതികളിലേക്ക് നടന്നുകയറിയ ശ്രേയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 4 നാഷണല്‍ അവാര്‍ഡും 7 ഫിലിം ഫെയര്‍ അവാര്‍ഡും 4 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും 2 തവണ തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡും 10 തവണ സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡും തുടങ്ങി നിരവധി അംഗീകാരങ്ങള്‍ താരം നേടിയിട്ടുണ്ട്.
ശ്രേയയുടെ ശബ്ദം ഏറ്റവും കൂടുതല്‍ തവണ മലയാളികളെ കേള്‍പ്പിച്ചത് എം.ജയചന്ദ്രന് എന്ന സംഗീതജ്ഞനാണ്. ലക്ഷക്കണക്കിന് മലയാളി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നേരിടുകയാണ് ശ്രേയ ഇപ്പോള്‍.
സ്റ്റേജ് ഷോയില്‍ ശ്രേയ പാട്ടുപാടുന്ന വീഡിയോയ്ക്ക് എതിരെയാണ് വളരെ മോശമായ പല കമന്റുകളും വരുന്നത്. മലയാളികളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍. ഗ്ലാമറസ് വേഷമാണ് താരം ധരിച്ചിരിക്കുന്നത്. താരത്തിന്റെ വസ്ത്രധാരണം ശരിയായ രീതിയിലല്ല, ഇങ്ങനെയാണോ ഒരു ഗായിക വസ്ത്രം ധരിക്കേണ്ടത്, പുതിയ തലമുറയിലെ പാട്ടുകാര്‍ പലരും തങ്ങളുടെ ശരീരം കാണിക്കാന്‍ ആണ് സ്റ്റേജില്‍ കയറുന്നത്, ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആയിരുന്നു ശ്രേയാഘോഷാല്‍, എന്നാല്‍ ഈ വേഷധാരണം കണ്ടപ്പോള്‍ ആ ഇഷ്ടം അങ്ങോട്ട് പോയി എന്നു തുടങ്ങിയ കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്.