നടന് ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക്. സിനിമ ഷൂട്ടിങ്ങുകള്‍ തടയുമെന്നും ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിങ്ങുകള്‍ തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും വാഹന ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുമുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണവും തടയും. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും ഉപയോഗിച്ച് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതിനെതിരെ പരാതികള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിങ്ങുകള്‍ മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണവും പ്രക്ഷോഭവും ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹന ഗതാഗതം തടഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിങ് തടസപ്പെടുത്തിയിരുന്നു.


